കോഴിക്കോട്: മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സലാം ബാപ്പു സംവിധാനം ചെയ്യുന്ന റെഡ്‌വൈനിന്റെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. മോഹന്‍ലാല്‍ ഭദ്രദീപം തെളിയിച്ചശേഷം സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. മാതൃഭൂമി സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന്‍, സംവിധായകരായ വി.എം.വിനു, എം.മോഹന്‍, എം.പത്മകുമാര്‍, സുധീര്‍ അമ്പലപ്പാട്, തിരക്കഥാകൃത്ത് ടി.എ. റസാക്ക്, ജില്ലാ കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍, മേയര്‍ എ.കെ. പ്രേമജം, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, വിമല്‍ വേണു (റിലാക്‌സ് ഈവന്റ്‌സ് റിലീസ്) രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എസ്.ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന റെഡ് വൈന്‍ നിരവധി സസ്‌പെന്‍സ് മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പറയുന്നത്. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലും പ്രദേശങ്ങളിലും ജീവിക്കുന്ന രണ്ട് യുവാക്കള്‍. അവരുടെ ജീവിതത്തിന് അവര്‍ അറിയാതെ ഒരു ബന്ധമുണ്ട്. അത് എന്താണെന്ന് തെളിയിക്കാന്‍ ഒരാള്‍ എത്തുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് റെഡ് വൈനിന്റെ കഥ പുരോഗമിക്കുന്നത്.
ലാല്‍ജോസിന്റെ സംവിധാനസഹായിയായി സിനിമാ ജീവിതം തുടങ്ങിയ സലാം ബാപ്പു തന്റെ ആദ്യചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ്. ''സ്വതന്ത്ര സംവിധായകനായി ആദ്യം ആക്ഷന്‍ കട്ട് പറയുന്നത് മോഹന്‍ലാല്‍ എന്ന വലിയ അഭിനേതാവിനോടായത് എനിക്ക് കിട്ടിയ ഭാഗ്യമായി കരുതുകയാണ്. സാധാരണ ഷൂട്ടിങ് തുടങ്ങി രണ്ടുദിവസം കഴിയുമ്പോഴായിരിക്കും നായകന്‍ സെറ്റില്‍ എത്തുക. റെഡ്‌വൈനിന്റെ തുടക്കം ലാലേട്ടന്റെ മുന്നില്‍ ക്യാമറ വെച്ച് തുടങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സമ്മതം. അങ്ങനെ എന്റെ വലിയൊരു ആഗ്രഹം സഫലമാവുകയായിരുന്നു.''-സലാം ബാപ്പു പറയുന്നു.
നവാഗതനായ മാമ്മന്‍ കെ.രാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, ടി.ജി.രവി, അനൂപ് ചന്ദ്രന്‍, സുധീര്‍ കരമന, ജയകൃഷ്ണന്‍, സുനില്‍ സുഗത, മേഘ്‌നാരാജ്, മിയ, മരിയ, അനുശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കോഴിക്കോട്, വയനാട് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളാക്കി ഒരുങ്ങുന്ന ചിത്രം റിലാക്‌സ് ഇവന്റ്‌സ് പ്രദര്‍ശനത്തിനെത്തിക്കും.
കടപ്പാട് മാതൃഭൂമി