
നന്ദഗോപാല്‍ ഒരു ഷെഫാണ്. അയാളുടെ പാചകവൈദഗ്ധ്യം ഏറെ പ്രസിദ്ധവുമാണ്. അതിലൂടെ അയാള്‍ ജോലിചെയ്യുന്ന നന്ദൂസ് ഫുഡ് കോര്‍ട്ടും രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായി. ഒരു ഷെഫിനപ്പുറം പുറംലോകം കാണാത്ത മറ്റൊരു മുഖമുണ്ട് അയാള്‍ക്ക്. അഴിമതിക്കെതിരെയാണ് അയാളുടെ പോരാട്ടം. അതിന് അയാള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ ഏറെ വിചിത്രവും രസകരവുമാണ്. ലോക്പാലായി അയാള്‍ എവിടെയും എങ്ങനെയും പ്രത്യക്ഷപ്പെടാം. ഏത് വിധേനയും അയാള്‍ ലക്ഷ്യം കാണും.
ജോഷി സംവിധാനം ചെയ്യുന്ന ലോക്പാലില്‍ മോഹന്‍ലാലാണ് നന്ദഗോപാലാകുന്നത്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ രാഷ്ട്രീയ ത്രില്ലര്‍ അടുത്ത ജനവരിയില്‍ മാക്സ് ലാബ് പ്രദര്‍ശനത്തിനെത്തിക്കും. നാടുവാഴികള്‍ക്ക് ശേഷം 22 വര്‍ഷത്തെ ലാല്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് എസ്.എന്‍.സ്വാമിജോഷിമോഹന്ലാല് ചിത്രം വരുന്നത്.
ഹാപ്പി ആന്‍ഡ് റൂബി സിനിമയുടെ ബാനറില്‍ ബാലന് വിജയന്, എം വിജയകുമാര്‍, എസ്.എല്‍ വിമല്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയാണ് എസ്.എല്‍ വിമല്‍കുമാര്‍. കാവ്യമാധവനാണ് ഡോ.ഗീത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനീതിക്കെതിരെ ശബ്ദിക്കുന്ന സത്യാന്വേഷി മുകുന്ദന് മേനോന് എന്ന കഥാപാത്രമായി ടി.ജി രവി ശക്തമായ വേഷം ചെയ്യുന്നു. തമിഴ് നടന് തമ്പി രാമയ്യ പോലീസ് ഓഫീസറായി എത്തുന്നു. കൂടാതെ സായ്കുമാര്, മനോജ്.കെ ജയന്, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രദീപ് നായരാണ് കാമറ കൈകാര്യം ചെയ്യുന്നത്. മീര നന്ദനും ചിത്രത്തില്‍ ഒരു ശ്രദ്ധേയവേഷം ചെയ്യുന്നുണ്ട്.