അമേരിക്കയില്‍ ജയിലില്‍ക്കഴിയുന്ന സാമ്പത്തിക കുറ്റവാളിയായ ഒരു മനുഷ്യന്റെ സംഭവബഹുലമായ ജീവിതം അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ ഹോളിവുഡിലേക്ക്. 'ബില്യണ്‍ ഡോളര്‍ രാജ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലോക ഓഹരിമേഖലയിലെ അതികായനും ഗാലന്‍ ഗ്രൂപ്പ് സ്ഥാപകനുമായ രാജ രാജരത്‌നത്തേയാണ് ലാല്‍ അവതരിപ്പിക്കുന്നത്. നയന്‍ പദ്രൈയാണ് രചനയും സംവിധാനവും.
തമിഴ് അമേരിക്കനായ രാജരാജരത്‌നം ഓഹരിമേഖലയില്‍ സ്വന്തം പരിശ്രമത്താല്‍ ഉയര്‍ന്നയാളാണ്. ഉയര്‍ച്ചയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരേയും അതിശയിപ്പിക്കുന്നതുമാണ്.
ഒടുവില്‍ 'ഇന്‍സൈഡര്‍ ട്രേഡിങ്' (കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് അതനുസരിച്ച് ഓഹരി ഇടപാടിലൂടെ ലാഭമുണ്ടാക്കുന്ന കുറ്റം) നടത്തിയതിന് എഫ്.ബി.ഐ. അദ്ദേഹത്തെ വിചാരണ ചെയ്ത് ജയിലിലിടുകയായിരുന്നു.ചിത്രത്തെക്കുറിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ന്യൂയോര്‍ക്ക്, ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഷൂട്ടിങ്. ശീതള്‍ വ്യാസ് ആണ് നിര്‍മാതാവ്.
ശ്രീകാന്ത് കോട്ടയ്ക്കല്‍