ചുറ്റുപാടുകളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന മനസ്സാണ് എന്റേത്. മനോഹരമായ കാഴ്ചകളെയും ചലനങ്ങളെയും ഒരു ഒപ്പുകടലാസുപോലെ മനസ്സ് പകര്‍ത്തിയെടുക്കുന്നു; ഉള്ളില്‍ സൂക്ഷിക്കുന്നു. പുഴയോടും പൂക്കളോടും കാറ്റിനോടും കടലിനോടും കായലിനോടും ഉദയാസ്തമയങ്ങളോടുമെല്ലാം ഇത്തരത്തില്‍ മൗനമായി സംവദിക്കാറുണ്ട്. അതെന്നെ നിരന്തരം നവീകരിക്കുന്നു. മനസ്സിനെ സര്‍ഗാത്മകമാക്കുന്നു. സ്‌നേഹത്തില്‍ നിന്ന് അകന്നുപോകാതെ കാത്തുസൂക്ഷിക്കുന്നു...''
മോഹന്‍ലാല്‍ എഴുതുകയാണ്; ഹൃദയത്തിന്റെ കൈയൊപ്പിട്ട അക്ഷരങ്ങളില്‍. അത് വായനക്കാരനെ വിളിക്കുന്നത് ഒന്നിച്ച് ഒരു പുഴയായൊഴുകാനാണ്. ആ നിമിഷത്തെ ലാല്‍ വിവരിക്കുന്നത് ഇങ്ങനെ: ''ഒറ്റപ്പെട്ടുകിടക്കുന്ന ഒരു തുരുത്താകാതെ, ഒരുപാട് കൈവഴികളുമായി കൈകോര്‍ത്ത് ഒരു പുഴയായി ഞാന്‍ ഇപ്പോള്‍ സ്വയം സ്വപ്നം കാണുന്നു...''
മോഹന്‍ലാല്‍ സ്വന്തം ബ്ലോഗിലെഴുതിയ കുറിപ്പുകള്‍ പുസ്തകമാക്കുന്നത് 'മാതൃഭൂമി ബുക്‌സ്' ആണ്. 'ഹൃദയത്തിന്റെ കൈയൊപ്പ്' എന്ന് പേരിട്ട പുസ്തകം ശനിയാഴ്ച പ്രകാശനം ചെയ്യും. 'ഒന്നിച്ച് ഒരു പുഴയായൊഴുകാം' എന്നതില്‍ തുടങ്ങി ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ മനംനൊന്തെഴുതിയ 'ഓര്‍മയില്‍ രണ്ട് അമ്മമാര്‍' വരെയുള്ള 34 കുറിപ്പുകള്‍. അതില്‍ മോഹന്‍ലാല്‍ എന്ന നടനെയല്ല, മനുഷ്യനെയാണ് കാണാനാകുക.
പുസ്തകത്തിന്റെ ആമുഖത്തില്‍ ലാല്‍ എഴുതുന്നു: ''കഴിഞ്ഞ മുപ്പത് വര്‍ഷമായി ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മറ്റൊരാളായി ജീവിച്ചുതീര്‍ത്തയാളാണ് ഞാന്‍. ഡോക്ടറായി, ഡ്രൈവറായി, പാട്ടുകാരനായി, നാടോടിയായി, ഗൂര്‍ഖയായി... ഒരുജന്മം. അപ്പോള്‍, അപൂര്‍വം നിമിഷങ്ങളിലെങ്കിലും എനിക്ക് ഞാനാവണം. മോഹന്‍ലാല്‍ എന്ന മനുഷ്യനാവണം, പൗരനാവണം.''
തന്നെ അലട്ടുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്ന ആലോചനകള്‍ ബ്ലോഗിലൂടെ അതിവിശാലമായ ലോകത്തോട് പങ്കിടുകയാണ് മോഹന്‍ലാല്‍ എന്ന് അവതാരികയില്‍ എസ്. ജയചന്ദ്രന്‍ നായര്‍ നിരീക്ഷിക്കുന്നു. മഹാഗ്രന്ഥങ്ങള്‍ നിര്‍മിക്കാവുന്ന ആശയങ്ങളാണ് പ്രസാദമധുരമായ ശൈലിയില്‍ അദ്ദേഹം രേഖപ്പെടുത്തുന്നത്. ഏഴുതിരിയിട്ട നിലവിളക്കിനെ ഓര്‍മിപ്പിക്കുന്ന ഭാവഗീതങ്ങള്‍ പോലുള്ള കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഓര്‍മിച്ചത് വൈലോപ്പിള്ളിയുടെ കവിതയിലെ ചില വരികളാണെന്നും അദ്ദേഹം തുടര്‍ന്നുപറയുന്നു.
വിഷയങ്ങളിലെ വൈവിധ്യമാണ് ലാലിന്റെ കുറിപ്പുകളുടെ സവിശേഷത.
''വെള്ളവസ്ത്രവുമണിഞ്ഞ് വെളുക്കെ ചിരിച്ച് പുറത്തിറങ്ങുന്ന നമുക്ക് എവിടെയാണ് പിഴച്ചത്?'' എന്ന് ചോദിച്ചുകൊണ്ട്, തന്റെ സ്വകാര്യതയെ അപഹരിച്ച മൊബൈല്‍ വിപ്ലവത്തെപ്പറ്റിയാണ് അദ്ദേഹം 'ദൈവത്തിനൊരു കത്തി'ല്‍ എഴുതുന്നത്. ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ ഖാദി നമുക്ക് അഭിമാനകരമായ സ്മരണയാണെന്നും ഖദര്‍ ധരിച്ചു നടക്കുമ്പോള്‍ പൂര്‍ണമായ അര്‍ഥത്തില്‍ ഇന്ത്യക്കാരനാണെന്ന് തോന്നാറുണ്ടെന്നും മറക്കാന്‍ പറ്റാത്ത ഭൂതകാലം കൂടെ വരുന്നതുപോലെയാണ് അതെന്നും ലാല്‍ പറയുന്നു.
വനങ്ങള്‍ക്കുവേണ്ടി അക്ഷരങ്ങളിലൂടെഅദ്ദേഹം പ്രാര്‍ഥിക്കുന്നു. വിഷമഴയുടെ വേദനകളും കാഴ്ചകളും പങ്കുവയ്ക്കുന്നു. 'ഫലങ്ങള്‍ പങ്കിട്ട് ഭക്ഷിക്കാം, പൂക്കള്‍ കൊടുത്ത് ചൂടാം' എന്ന കുറിപ്പിലെ വാചകങ്ങള്‍ ഈ പുസ്തകത്തിന്റെ മുഴുവന്‍ സത്തയും ഉള്‍ക്കൊള്ളുന്നു.
''ഈ കുറിപ്പുകളില്‍ ഞാന്‍ എഴുതുകയും നിങ്ങള്‍ വായിക്കുകയും അല്ലെങ്കില്‍ കേള്‍ക്കുകയുമല്ല ചെയ്യുന്നത്. പകരം നാം പങ്കുവയ്ക്കുകയാണ്. അതുവഴി ഹൃദയത്തിന്റെ ചില്ലകള്‍ കൂടുതല്‍ കൂടുതല്‍ ഇണങ്ങിച്ചേരുകയാണ്. ''
ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് 'ഹൃദയത്തിന്റെ കൈയൊപ്പി'ന്റെ പ്രകാശനച്ചടങ്ങ്. പ്രിയദര്‍ശനില്‍ നിന്ന് സത്യന്‍ അന്തിക്കാട് പുസ്തകം സ്വീകരിക്കും. 'മാതൃഭൂമി' ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. എം. പി. അബ്ദുസമദ് സമദാനി, രഞ്ജിത്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ ആശംസനേരും. മോഹന്‍ലാല്‍ മറുപടിപ്രസംഗം നടത്തും. 'മാതൃഭൂമി' കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി എഡിറ്റര്‍ എസ്. കൃഷ്ണന്‍കുട്ടി സ്വാഗതം പറയും.
കടപ്പാട് മാതൃഭൂമി