മേജര്‍ രവിയുടെ ആക്ഷന്‍ ത്രില്ലറായ കര്‍മ്മയോദ്ധയുടെ ചിത്രീകരണം ചിങ്ങം ഒന്നിന്(ആഗസ്ത് 17) തുടങ്ങും. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് മാധവ് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ബിജുമേനോന്‍, കലിംഗ ശശി, രമ്യ നമ്പീശന്‍, ഐശ്വര്യ ദേവന്‍, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ക്കൊപ്പം മാളവിക എന്ന പുതുമുഖം നായികയായി അഭിനയിക്കും.
സീരിയല്‍ രംഗത്ത് ശ്രദ്ധേയായ ആശ ശരത്തിനും ചിത്രത്തില്‍ പ്രധാന വേഷമുണ്ട്. മേജര്‍ രവിയുടെ പ്രൊഡക്ഷന്‍ ബാനറായ എം.ആര്‍ പ്രൊഡക്ഷന്‍സും ഹനീഫ് മുഹമ്മദിന്റെ റെഡ് റോസ് ക്രിയേഷന്‍സും ചേര്‍ന്നാണ് കര്‍മ്മയോദ്ധ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുംബൈയായിരിക്കും ലൊക്കേഷന്‍. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയ്ക്ക് ശേഷം മേജര്‍ രവി ഒരുക്കുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രം കൂടിയാകുമിത്.
സുഹൃത്തുക്കള്‍ മാഡ് മേനോന്‍ എന്ന് വിളിക്കുന്ന മാധവ് മേനോന്‍ നിര്‍ണായക ദൗത്യവുമായിട്ടാണ് കേരളത്തിലെത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം മാധവ് മേനോന്റെ വരവോടെ അതിന്റെ നിര്‍ണായക ഘട്ടത്തിലെത്തുന്നു. കേരളത്തില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും എസ്.ബി സതീശ് വസ്ത്രാലങ്കാരവും ഒരുക്കും.
കടപ്പാട് മാതൃഭൂമി