കോഴിക്കോട്: ''വെല്ലൂര്‍ ആസ്പത്രിയുടെ വരാന്തകളിലൂടെ നടക്കുമ്പോള്‍ എന്റെ മനസ്സ് പിടക്കുകയായിരുന്നു. എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്റെ മുഖത്തുനിന്ന് ഒരു ചെറുപുഞ്ചിരിയെങ്കിലും എനിക്കുകിട്ടണേ എന്നായിരുന്നു പ്രാര്‍ഥന.
30 വര്‍ഷത്തിലധികം നീണ്ട അഭിനയജീവിതത്തിനിടയില്‍ അങ്ങനെയല്ലാതെ ഞങ്ങള്‍ മുഖാമുഖം നിന്നിട്ടില്ലല്ലോ. എനിക്ക് പ്രതീക്ഷിച്ചതിലുമധികം അദ്ദേഹം തന്നു''-മോഹന്‍ലാല്‍ പറഞ്ഞു.
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെക്കണ്ട് പുറത്തിറങ്ങിയ ഉടനെ തന്റെ അനുഭവം 'മാതൃഭൂമി'യുമായി പങ്കിടുകയായിരുന്നു അദ്ദേഹം. അപകടത്തിനുശേഷം ആദ്യമായിട്ടാണ് ജഗതിയെ കാണാന്‍
ലാല്‍ എത്തുന്നത്. ''അമ്പിളിച്ചേട്ടന് അപകടം പറ്റിയ സമയത്തുതന്നെയാണ് എന്റെ അമ്മ ഒരു ബ്രെയ്ന്‍ ഷോക്ക് വന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അമ്മയുടെ അടുത്തുനിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് കോഴിക്കോട്ട്
ചെന്ന് കാണാന്‍ സാധിച്ചില്ല''-ലാല്‍ പറഞ്ഞു.
ഒരു മണിക്കൂറോളം ലാല്‍ ജഗതിയുടെ മുറിയില്‍ ഉണ്ടായിരുന്നു. ട്രെക്കിയോസ്റ്റമി ചെയ്യുന്നതുകൊണ്ട് ജഗതിക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും തന്നെയും ഒപ്പമുണ്ടായിരുന്ന ആന്‍റണി പെരുമ്പാവൂരിനേയും കണ്ടപ്പോള്‍
അദ്ദേഹത്തിന് മനസ്സിലായതായി ലാല്‍ പറഞ്ഞു.
'ഗ്രാന്‍ഡ് മാസ്റ്റര്‍' എന്ന സിനിമയിലാണ് ഒടുവില്‍ ഞാന്‍ അമ്പിളിച്ചേട്ടനുമൊത്ത് അഭിനയിച്ചത്. അത് വിജയമായിരുന്നു എന്ന് ഞാന്‍പറഞ്ഞപ്പോള്‍ മന്ദഹസിച്ചു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ഞാന്‍ താടിവളര്‍ത്തിയിരുന്നു. അദ്ദേഹം
എന്റെ താടിയിലൂടെ വിരലോടിച്ചു. ''എത്രയും വേഗം തിരിച്ചുവരണം, നമുക്ക് പുതിയ പടം തുടങ്ങണം' എന്ന് ആന്‍റണി പറഞ്ഞപ്പോള്‍ കുറച്ചുകൂടി തെളിഞ്ഞുചിരിച്ചു. അമ്പിളിച്ചേട്ടന് എല്ലാം മനസ്സിലാവുന്നു എന്നതുതന്നെ
ആശ്വാസം''-ലാല്‍ പറഞ്ഞു.
ജഗതി ജീവിതത്തിലേക്ക് തിരിച്ചുവരികതന്നെയാണെന്ന് ലാല്‍ പറഞ്ഞു. 'എന്റെ അമ്മ മറ്റൊരുവിധത്തില്‍ ഓര്‍മയില്‍നിന്നും ബോധത്തില്‍നിന്നും പിന്‍വലിഞ്ഞതാണ്. അമ്മയ്ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. നിരന്തരം അമ്മയുടെ
അടുത്തിരുന്ന പരിചയംകൊണ്ട് എനിക്ക് പോസിറ്റീവായ ചലനങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും. പെട്ടെന്ന് സാധിച്ചു എന്ന് വരില്ല. നല്ല സമയവും ചികിത്സയും പരിചരണവും നല്‍കണം. മറിച്ചു ചിന്തിക്കേണ്ട യാതൊന്നും ഞാന്‍ കണ്ടില്ല'-ലാല്‍ പറഞ്ഞുനിര്‍ത്തി.
കടപ്പാട് മാതൃഭൂമി